പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആലത്തൂര്‍ ഡിവൈഎസ്പി ആര്.മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമാണ് സ്റ്റാറ്റസ്.
യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ 18 -ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല.
ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോള്‍ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ് എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്.
അതേ സമയം ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.